Sunday, 17 February 2013



            ചരിത്രമുറങ്ങുന്ന അര്‍ത്തുങ്കല്‍ പള്ളി 

       ഭാഗം -ഒന്ന്                         കനെഷ്യസ് അത്തിപോഴിയില്‍                                              
                                                                   
അര്‍ത്തുങ്കല്‍ പള്ളി-ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ എന്ന കടലോര ഗ്രാമത്തില്‍ വിശുദ്ധ സെബസ്ത്യനോസ്സിന്റ്റെ അനുഗ്രഹ സ്പര്‍ശം ഏറ്റു 
നാല് ശതകത്തിലധികം പഴക്കമുള്ള അര്‍ത്തുങ്കല്‍ പള്ളി,ഇന്നത്തെ അര്‍ത്തുങ്കല്‍ ബസലിക്ക , മത സഹിഷ്ണുതയുടെ വിശ്വാസ ഗോപുരമായി ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു. .ദൈവ ദാസന്‍ ചാവറ കുര്യാക്കോസ്‌ എലിയാസച്ചന്‍ വൈദീക പട്ടം സ്വീകരിച്ചതും  പ്രഥമ ദിവ്യ ബലി അര്‍പ്പിച്ചതും ഈ പുണ്യ ദേവാലയത്തിലാണ്.ഈ ദേവാലയത്തിലെ  ഒരു ഇടവക അംഗം എന്ന നിലയിലും കുട്ടിക്കാലത്ത് ആ മനോഹരമായ ,വിശുദ്ധമായ അല്ത്താരയില്‍ അള്‍ത്താര ബാലനായി  ശുശ്രൂഷ ചെയ്തപ്പോഴും ഒന്നും  ആ പുണ്യ ഭൂമിയുടെ മഹത്വം ഞാന്‍ മന്നസ്സിലാക്കിയിരുനില്ല . എന്റ്റെ അപ്പനും  അപ്പന്റ്റെ അപ്പനും അര്‍ത്തുങ്കല്‍ പള്ളിയുടെ കൈക്കാരെന്മാരായി സേവനമനുഷ്ട്ടിച്ചിട്ടുണ്ട്.അവരില്‍ നിന്നൊക്കെ പകര്‍ന്നു കിട്ടിയതും പില്‍ക്കാലത്ത് വായിച്ചു മനസ്സിലാക്കിയതുമൊക്കെയായ പഴയ ചരിത്രങ്ങള്‍   വളരെ കൌതുകം നിറഞ്ഞതാണ്‌ .   അതിലൊന്ന് ശബരിമല അയ്യപ്പെന്മാരെ കുറിച്ചുള്ളതാണ് .ശബരിമല തീര്‍ത്ഥാടനം പൂര്‍ത്തിയാക്കണമെങ്കില്‍ അര്‍ത്തുങ്കല്‍ വെളുതച്ചന്റ്റെ തിരുനടയില്‍ എത്തി മാലയൂരമെന്ന വിശ്വാസം അയ്യപ്പ ഭക്തെന്മാര്‍ ഇന്നും   പാലിച്ചു പോരുന്നു..അര്‍ത്തുങ്കല്‍   പള്ളിയിലെ വിശുദ്ധ സെബസ്ത്യനോസിന്റ്റെ തിരുനാളില്‍ പങ്കു കൊള്ളാന്‍ നാനാജാതി മതസ്ഥരായ ജനങ്ങള്‍ രാജ്യമെമ്പാടും നിന്നും എത്താറുണ്ട് .ഈ അടുത്ത കാലത്തായി വിദേശികളും ധാരാളമായി എത്തിച്ചേരുന്നുണ്ട്. 
  
 അര്‍ത്തുങ്കല്‍ പള്ളിയുടെ ചരിത്രത്തിലേക്ക് 

 മധ്യയുഗങ്ങളില്‍ പ്രസിദ്ധി ആര്‍ജിച്ച  കേരള രാജ്യമായിരുന്നു  മൂത്തേടം .അര്‍ത്തുങ്കല്‍ മൂത്തേടത് രാജ്യതിന്റ്റെ തലസ്ഥാനവും പ്രമുഖമായ ഒരു വ്യവസായ കേന്ദ്രവുമായിരുന്നു .,തുറമുഖമായിരുന്ന കുഞ്ഞിതയ് ഭാഗത്ത്‌ താമസിച്ചിരുന്ന മുസ്ലീങ്ങളും മൂത്തേടത് രാജ്യത്തിലെ ഹൈന്ദവരും മാര്‍തോമ്മ ക്രിസ്ത്യാനികളും  ഏകോദര സഹോദരങ്ങളെ പോലെയാണ് കഴിഞ്ഞു വന്നിരുന്നത് .ക്രിസ്ത്യാനികളുടെ പ്രാര്‍ഥനയില്‍ ഹിന്ദുക്കളും ,ഹിന്ദുക്കളുടെ പൂജാദി കര്‍മ്മങ്ങളില്‍ ക്രിസ്ത്യാനികളും പങ്കു കൊണ്ടിരുന്നുവത്രേ  ! ക്രിസ്ത്യാനികളുടെ ആചാരങ്ങളും ജീവിത രീതികളും ഹൈന്ധവരുടെതുമായി അഭേദ്യമായ ഒരു ബന്ധം   പുലെര്‍ത്തിയിരുന്നതായി  ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു 
ആ കാലഘട്ടത്തില്‍ മൂത്തേടത് ക്രിസ്ത്യാനികള്‍ക്ക്   പ്രാര്‍ഥിക്കുവാനായി പള്ളിയും പട്ടക്കാരനും  ഒന്നും ഉണ്ടായിരുന്നില്ല .പിന്നീട് 16-ആം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പോര്‍ച്ചുഗീസ്കാരായ ഈശോ    സഭ മിഷനറിമാര്‍  മൂത്തെടത്തെത്തിയപ്പോള്‍  ക്രിസ്ത്യാനികള്‍ വളരെ സന്തോഷത്തോടു കൂടിയാണ് അവരെ സ്വാഗതം ചെയ്തത് .നാട്ടുകാര്‍ക്ക് കൂദാശകള്‍ സ്വീകരിക്കാനും  പ്രാര്‍ഥിക്കുവാനുമായി  ഒരു ആരാധനാലയം ഇല്ലെന്നു മനസ്സിലാക്കിയ മിഷനറിമാര്‍ അങ്കമാലി മെത്രാനായിരുന്ന മാര്‍ അബ്രഹാമിനെ വിവരമറിയിക്കുകയും അതിനനുസരിച്ച് മെത്രാന്‍ ഈശോ സഭ മിഷനറി മാര്‍ക്ക് മൂത്തേടത്  മാര്‍തോമ്മ ക്രിസ്ത്യാനികള്‍ക്ക് കൂദാശകള്‍   നല്‍കാനും വേദോപദേശത്തിനും     മറ്റുമായി അനുമതിനല്‍ക്കുകയും ചെയ്തു .
മിഷനറിമാര്‍ അര്‍ത്തുങ്കല്‍ കേന്ദ്രമാക്കി ക്രിസ്തുമത പ്രചാരണവും ,വേദോപദേശവും കൂദാശകള്‍ നല്‍കലും ആരെംഭിച്ചു.പിന്നീട് ക്രിസ്ത്യാനികളും ഹൈന്ദവരും ,മിഷനറിമാരും ഒരുമിച്ചു മൂത്തേടത് രാജാവിനെ കണ്ടു തങ്ങള്‍ക്കു ഒരുമിച്ചു പ്രാര്‍ത്ഥിക്കുവാന്‍  ഒരു പള്ളി പണിയാന്‍ അനുവാദം നല്‍കണമെന്ന്  അഭ്യര്‍ഥിച്ചു .
രാജാവ് ആദ്യം വിസ്സമ്മതം പ്രകടിപ്പിച്ചെങ്കിലും പിന്നീടു തടിയും ഓലയും കൊണ്ട് അര്‍ത്തുങ്കലില്‍ ഒരു    ദേവാലയം പണിയാന്‍ അനുവദിക്കുകയും അതിനായി തന്റ്റെ ഉദ്യാനത്തിലെ ഏറ്റവും നല്ല മരം കൊടുത്തു സഹായിക്കുകയും ചെയ്തു. മൂത്തേടത് രാജാവ് നല്‍കിയ തടിയും ഓലയും ഉപയോഗിച്ച് വിശുദ്ധ അന്ദ്രയോസിന്റ്റെ നാമധേയത്തില്‍  ഒരു പള്ളി പണിയുകയും വിശുധന്റ്റെ ദിനമായ നവംബര്‍  30 നു ദേവാലയ പ്രേതിഷ്ട്ട നടത്തുകയും ചെയ്തു .
1584-ല്‍ മൂത്തേടത് രാജാവും ഏഴു നായെര്‍ മാടമ്പി മാരും ഈ ദേവാലയത്തില്‍ വച്ച് ക്രിസ്തുമതം സ്വീകരിച്ചുവത്രേ !1597-ല്‍ പള്ളി കല്ല്‌ കൊണ്ട് പുതുക്കി പണിതു .


1616 ഫെബ്രുവരി 5 നു പോല്‍  അഞ്ചാമന്‍ മാര്‍പാപ്പ നല്‍കിയ തിരുവെഴുത്തു വഴിയാണ് അര്‍ത്തുങ്കല്‍  പ്രദേശം അങ്ങമാലി രൂപതയില്‍ നിന്നും വേര്‍പ്പെടുത്തി കൊച്ചി രൂപതയോട് ചേര്‍ത്തത് .
വെളുതച്ചന്റ്റെ അത്ഭുതങ്ങള്‍ കേട്ട് പള്ളിയിലെക്കെതുന്ന ഭക്ത ജനങ്ങളുടെ ബാഹുല്യം നിമിത്തം ദേവാലയത്തില്‍ സ്ഥലം തികയാതെ വന്നപ്പോള്‍ 1915 ഫെബ്രുവരി 15 നു പുതിയ പള്ളിക്ക് ശിലാ സ്ഥാപനു നടത്തുകയുണ്ടായി .ചെത്തി മിനുക്കിയ കരിക്കല്ലില്‍ തീര്‍ത്ത ഭീമമായ ഗോപുരങ്ങളും കരുത്തും ,അഴകും വിരിഞ്ഞു ഒഴുകുന്ന ശില്‍പ്പ ഭംഗിയും നിര്‍മ്മാണ   വൈഭവവും   അര്‍ത്തുങ്കല്‍ പള്ളിയെ ശാന്ത ഗംഭീരമാക്കുന്നു 
നാളെ അര്‍ത്തുങ്കല്‍ വെളുത്തച്ചനും ശബരിമല അയ്യപ്പനും തമ്മിലുള്ള ബന്ധമെന്ത്? 






അര്‍ത്തുങ്കല്‍ ചരിതം -രണ്ടാം ഭാഗം 

കനെഷ്യസ് അത്തിപ്പോഴിയില്‍  

 അര്‍ത്തുങ്കല്‍ വെളുത്തച്ചനും ശബരിമല അയ്യപ്പനും സഹോദരങ്ങളോ ?


പോര്‍ച്ചുഗ്വീസ് മിഷനറിമാരുടെ കാലത്ത് പാരിസില്‍ നിര്‍മ്മിച്ച വിശുദ്ധ സെബസ്ത്യനോസ്സിന്‍റെ തിരു സ്വരൂപവുമായി ലിയനാര്‍ഡോ ഗോന്‍ സാല്‍വെസ് എന്ന നാവീകന്‍  കപ്പലില്‍ മൈലാപൂരിലേക്ക് സഞ്ചരിക്കുകയായിരുന്നു .അര്‍ത്തുങ്കലിനു സമീപം എത്തിയപ്പോള്‍ ഉഗ്രമായ കടല്‍ ക്ഷോഭത്താല്‍   കപ്പല്‍ തകരുമെന്നു ഭയന്ന കപ്പിത്താന്‍ കപ്പല്‍ സുരെക്ഷിതമായി കരക്കടുത്താല്‍ കരയിലുള്ള പള്ളിയില്‍ തന്നെ രൂപം പ്രേതിഷ്ട്ടിക്കാം എന്നു ഉള്ളുരുകി പ്രാര്‍ഥിച്ചു .ഇതേതുടര്‍ന്ന് സുരെക്ഷിതമായി കപ്പല്‍ കരൈക്കു   അടുത്തത് അര്‍ത്തുങ്കല്‍ പള്ളിയുടെ നടയിലായിരുന്നു എന്നും അങ്ങനെയാണ് 1947-ല്‍ വിശുദ്ധ സെബസ്ത്യനോസിന്റ്റെ തിരു സ്വരൂപം അര്‍ത്തുങ്കല്‍ പള്ളിയില്‍ പ്രെതിഷ്ട്ടിച്ചതെന്നും കരുതുന്നു .



നാനാ  ജാതി  മതസ്തെര്‍ സ്വന്തം എന്നോണം കരുതുന്ന അര്‍ത്തുങ്കല്‍ പള്ളിയില്‍ ആയിരക്കണക്കിന് അയ്യപ്പന്മാര്‍  പള്ളികുളത്തില്‍ കുളിച്ചു തൊഴുതു തിരു സ്വരൂപം കണ്ടു വന്ദിക്കുകയും ചെയ്യുന്നു .ശബരി മല ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന അയ്യപ്പന്മാര്‍ അര്‍ത്തുങ്കല്‍ എത്തി വെളുത്തച്ചന്‍റെ സന്നിധാനത്തില്‍ നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിച്ചതിനുശേഷമാണ്   മാലയൂരുന്നത് .അര്‍ത്തുങ്കല്‍ വെളുത്തച്ചന്‍റെ   തിരു സവിധത്തില്‍ മാലയൂരിയാല്‍ പൂര്‍ണ ഭലപ്രാപ്തി ഉണ്ടാകുമെന്നാണ് വിശ്വാസം .വെളുത്തച്ചനും  അയ്യപ്പനുമായി ബന്ധപെട്ടു ചില ഐതീഹങ്ങളും ഉണ്ട് .

അര്‍ത്തുങ്കല്‍ പള്ളിയിലെ വെളുത്തച്ചെനും   ശബരിമല അയ്യപ്പനും സഹോദരങ്ങളെ പോലെ ആയിരുന്നു എന്ന്   പറയുന്ന ഐതീഹങ്ങള്ളില്‍ ഒന്നില്‍ വെളുത്തച്ചന്‍  യൂറോപ്യന്‍ പാതിരി ആയിരുന്ന ഫോലീനീഷോ   ആണെന്ന് കരുതുന്നു  .ഒരു പക്ഷെ വെള്ളക്കാരനായ അച്ഛന്‍ എന്നുള്ളതാകാം  വെളുത്തച്ചനായി ലോപിച്ചതെന്നും  വാദമുണ്ട് .കലകളിലും ശാസ്ത്രെങ്ങളിലും ദര്‍ശനങ്ങളിലും അതിനിപുണനായിരുന്ന ഈ പുരോഹിത ശ്രേഷ്ടെന്‍ കളരി പയറ്റു പഠിക്കാന്‍ ചീരപ്പെന്‍ ചിറയിലെത്തി.അയ്യപ്പന്‍റെ ഗുരു കുലവും ചീരപ്പെന്‍ ചിറ ആയിരുന്നു .അവിടെ ഇരുവരും സഹോദര തുല്യമായ സ്നേഹബന്ധത്തില്‍  ആയെന്നാണ്‌ ഐതീഹ്യം  . 
ഇതിനോട് സാമ്യമുള്ള മറ്റൊരു  ഐതീഹ്യം  കൂടിയുണ്ട് .അര്‍ത്തുങ്കല്‍ കടല്‍ തീരത്ത് കൂടി വടക്കോട്ട്‌ പോകുകയായിരുന്ന അയ്യപ്പന്‍,  വിശ്രമ വേളയില്‍ കണ്ട ഒരു യുവാവുമായി സൌഹൃദത്തിലായി എന്നും .അത് വെളുത്തച്ചെന്‍      ആയിരുന്നു  എന്നതുമാണതു    .സ്വന്തം സഹോദരന്‍      ആണെന്ന് പറഞ്ഞായിരുന്നു   വെളുത്തച്ചെന്‍   അയ്യപ്പനെ ചീരപ്പെന്‍ ചിറയില്‍ എത്തിച്ചു പരിചയ പ്പെടുത്തിയത് .വെളുതച്ചന്‍റെയും അയ്യപ്പന്‍റെയും സ്നേഹബന്ധം പിന്നീടു  മത മൈത്രിയുടെയും സാഹോധര്യത്തിന്‍റെയും പ്രതീകമായി മാറി.

"എന്നെ കാണുവാന്‍ വരുന്നവര്‍ എന്‍റെ വെളുതച്ചനെ കൂടി കണ്ടു കൊണ്ട് പോകണമെന്ന് " ശബരി മലയിലെ ഒരു വെളിച്ചപ്പാട് തുള്ളി പറയുമായിരുന്നത്രേ ! .മകര പെരുന്നാളിന് പള്ളിയില്‍ കൊടി ഉയരുമ്പോള്‍  നാട്ടുകാര്‍ വായ് കുരവ ഇടുന്നത് വെളുത്തച്ചന്‍  ജ്യെഷ്ട്ട സഹോദരനായി കരുതുന്ന ശബരിമല അയ്യപ്പനെ അറിയിക്കനാണന്നാണ് വിശ്വാസം .കുരവ ഇടല്‍ അതിവേഗമാണ് നെടെങ്ങും പരക്കുന്നത്.നാനാ ജാതി മതെസ്ഥരും  ആവേശ പൂര്‍വ്വം ആണ് ഞങ്ങളുടെ അര്‍ത്തുങ്കല്‍ പെരുന്നാള്‍ ആഘോഷിക്കുന്നത് . 








ചരിത്ര പ്രസിദ്ധമായ ജനലക്ഷങ്ങള്‍  പങ്കെടുക്കുന്ന നാല് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രദക്ഷിണമാണ് പെരുന്നാള്‍ ദിനത്തിന്‍റെ   പ്രത്യേകത  .ആദ്യ കാലങ്ങളില്‍ പ്രദക്ഷിണത്തിനു  ഉപയോഗിച്ചിരുന്നത് മൂത്തേടത് രാജ കുടുംബത്തില്‍  നിന്നും സമ്മാനിച്ച തേരായിരുന്നു    .ഈ തേര് ജീര്‍ണ്ണിക്കുവാന്‍ തുടങ്ങിയപ്പോളാണ് ഇന്നത്തെ ശില്‍പ്പ വേലകളോട് കൂടിയ രൂപക്കൂട് ഉണ്ടാക്കിയത്  .പ്രദക്ഷിണം അറബി കടലിന്‍റെ  തീരത്തുള്ള പള്ളിയുടെ കുരിശടി   വരെ ആണ് നടത്തുന്നത് 
തിരു സ്വരൂപം കടപ്പുറത്തെ പടിഞ്ഞാറെ കുരിശിനു സമീപത്തേക്ക് എത്തുമ്പോഴും തിരിച്ചു പള്ളിയകത്തു കയറുമ്പോഴും "വെളുത്തച്ചോ "  വിളികള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമാകും .മുത്ത്‌ കുടകളും  സ്വര്‍ണ്ണ കുരിശുകളും പൊന്‍ വെള്ളി കുരിശുകളും വര്‍ണ്ണ ശബളമാക്കുന്ന പ്രദക്ഷിണത്തെ  അകമ്പടി സേവിക്കാന്‍ എന്ന വണ്ണം ആകാശത്ത് വട്ടമിട്ടു പറക്കുന്ന ചെമ്പരുന്തുകള്‍   അത്ഭുതവും മനോഹരവുമായ കാഴ്ചയാണ് സമ്മാനിക്കുന്നത്[റോമാ ചക്രവര്‍ത്തിയായ ഡയോ ക്ലെഷിയസ്സിന്‍റെ   നിര്‍ദേശ പ്രകാരം കൊല്ലപെട്ട സെബസ്ത്യനോസ്സിന്‍റെ   മൃതശരീരം കഴുകന്മാര്‍ക്ക് ഭക്ഷിക്കുവാനായി കോട്ടയ്ക്കു പുറത്തേക്കു എറിഞ്ഞെങ്കിലും കഴുകന്മാര്‍ മൃതദേഹത്തിനു ചുറ്റും ചിറകു വിരിച്ചു സംരക്ഷിക്കുകയാനുണ്ടായത് ]  .എല്ലാ തവണയും കൃത്യമായ ആ സമയത്ത് ആകാശത്ത് പരുന്തുകള്‍  വട്ടമിട്ടു എത്തുന്നത്  എന്നും എന്നില്‍ അത്ഭുതം നിറച്ചിട്ടുണ്ട് .വിശുദ്ധന്‍റെ  കീര്‍ത്തിയുടെ  ചിറകും പേറി ചെമ്പരുന്തുകള്‍ പുതിയ ദൂരങ്ങള്‍  താണ്ടട്ടെ  ,അതിലൂടെ വിശുദ്ധ സെബസ്ത്യനോസിന്‍റെ  അനുഗ്രഹ കഥകള്‍ ലോകം മുഴുവന്‍ പരന്നോഴുകട്ടെ. ഒപ്പം വിശുദ്ധനെക്കുരിച്ചുള്ള  മനോഹരമായ പാട്ടിന്‍റെ  വരികളാണ് മനസ്സിലേക്ക് ഓടിവരുന്നത്‌ .

"അര്‍ത്തുങ്കല്‍ ഇന്നൊരു പുണ്യ ഭൂമി 
തീര്‍ഥാടകര്‍ക്കൊരു ധന്യ ഭൂമി 
തിരമാല തഴുകുന്ന തീരത്തിലായ്
മിഴിനീട്ടി നില്‍ക്കുന്ന ദേവാലയം 
ആധിയും വ്യാധിയും നീക്കീടുവാന്‍ 
അവിടെ വിളങ്ങും വെളുത്തച്ചനും  "